തിരുവനന്തപുരം: സബ് ജൂണിയര്‍ ആണ്‍കുട്ടികളില്‍ കോഴിക്കോട് പുല്ലൂരംപാറ സെന്റ് ജോസഫ്സിലെ സഞ്ജയ് വ്യക്തിഗത ചാമ്പ്യനായി. 100, 200 മീറ്ററുകളില്‍ ഒന്നാം സ്ഥാനവുമായി 10 പോയിന്റോടെയാണ് സഞ്ജയുടെ വ്യക്തിഗത ചാമ്പ്യന്‍പട്ടം.
സബ് ജൂണിയര്‍ പെണ്‍കുട്ടികളില്‍ കോഴിക്കോട് കുളത്തുവയല്‍ സെന്റ് ജോര്‍ജ് ഹയര്‍സെക്കന്‍ഡറി സ്കൂളിലെ അല്‍ക്ക ഷിനോജും ജിവി രാജ സ്കൂളിലെ ശ്രീനന്ദയും 13 പോയിന്റോടെ വ്യക്തിഗത ചാമ്പ്യന്‍പട്ടം പങ്കിട്ടു. 600 മീറ്ററിലും 400 മീറ്ററിലും സ്വര്‍ണവും 200 മീറ്ററില്‍ വെള്ളിയും ഉള്‍പ്പെടെ അല്‍ക്ക ഷിനോജ് 13 പോയിന്റ് സ്വന്തമാക്കിയപ്പോള്‍ ഹൈജംപിലും ലോംഗ്ജംപിലും ഒന്നാം സ്ഥാനവും 80 മീറ്റര്‍ ഹര്‍ഡില്‍സില്‍ രണ്ടാം സ്ഥാനവും നേടിയാണ് ശ്രീനന്ദ 13 പോയിന്റോടെ ചാമ്പ്യന്‍ പട്ടം പങ്കുവച്ചത്.
ജൂണിയര്‍ ആണ്‍കുട്ടികളില്‍ ആലപ്പുഴ ചാരമംഗലം ഡിവിഎച്ച്എസ്എസിലെ ടി.എം. അതുല്‍ 100, 200 മീറ്ററുകളില്‍ സ്വര്‍ണത്തോടെ മികച്ച താരമായി തെരഞ്ഞെടുക്കപ്പെട്ടു.
ജൂണിയര്‍ പെണ്‍കുട്ടികളില്‍ പാലക്കാട് വടവന്നൂര്‍ വിഎംഎച്ച്എസിലെ നിവേദ്യ കലാധര്‍ മൂന്നു സ്വര്‍ണവുമായി 15 പോയിന്റോടെ ഈ വിഭാഗത്തിലെ മികച്ച താരമായപ്പോള്‍ സീനിയര്‍ ആണ്‍കുട്ടികളില്‍ കടകശേരി ഐഡിയല്‍ സ്കൂളിലെ ജെഫ്രിന്‍ മനോജും തിരുനാവായ നാവാമുകുന്ദയിലെ ഫസല്‍ ഉള്‍ഹക്കും 11 പോയിന്റുകളുമായി വ്യക്തിഗത ചാമ്പ്യന്‍പട്ടം പങ്കിട്ടു.
ജെഫ്രിന്‍ ഡിസ്കസ് ത്രോയില്‍ ഒന്നാം സ്ഥാനവും ഹാമര്‍ ത്രോയിലും ഷോട്ട്പുട്ടിലും രണ്ടാം സ്ഥാനവും ഉള്‍പ്പെടെ 11 പോയിന്റ് സ്വന്തമാക്കിയപ്പോള്‍ ഫസല്‍ ഉള്‍ഹക്ക് 110 മീറ്റര്‍ ഹര്‍ഡില്‍സില്‍ സ്വര്‍ണവും 100, 200 മീറ്ററുകളില്‍ വെള്ളിയും നേടി 11 പോയിന്റോടെ സീനിയര്‍ ആണ്‍കുട്ടികളുടെ വ്യക്തിഗത ചാമ്പ്യന്‍പട്ടം പങ്കുവച്ചു.
സീനിയര്‍ പെണ്‍കുട്ടികളില്‍ തിരുനാവായ നാവാമുകുന്ദയിലെ ആദിത്യ അജി 100, 200, 100 മീറ്റര്‍ ഹര്‍ഡില്‍ എന്നിലയില്‍ സ്വര്‍ണനേട്ടവുമായി 15 പോയിന്റോടെ വ്യക്തിഗത ചാമ്പ്യന്‍ പട്ടത്തിന് ഉടമയായി.